ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

വിവിധ പ്രദേശങ്ങളില്‍ നിന്ന് രാജകൊട്ടാരത്തിലെ പൂജകള്‍ക്കാവശ്യമായ പൂക്കള്‍ തലച്ചുമടായി എത്തിക്കുന്നവര്‍ക്ക് വഴിയില്‍ അവ ഇറക്കി വച്ച് വിശ്രമിക്കാനുണ്ടാക്കിയ താവളമാണ് പൂവച്ചല്‍. പഞ്ചായത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് തിരുവളന്തൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം. ഈ പഞ്ചായത്തില്‍ സ്വാതന്ത്യ്ര സമരത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് പൂവ്വച്ചലും കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു. അയിത്തോച്ഛാടനത്തിന്‍റെ മുഖ്യ വക്താവായിരുന്ന ഗാന്ധി രാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധര്‍, പടിയന്നൂര്‍ രാഘവന്‍ പിള്ള, നെന്‍മേനിക്കര രാഘവന്‍ എന്നിവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ നേത്യത്വം നല്‍കിയിരുന്നത്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ 1910-ല്‍ ആരംഭിച്ച സി.എസ്.ഐ. സഭയുടെ സ്കൂളാണ്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1951-ല്‍ നിലവില്‍ വന്ന ജനതാ ഗ്രന്ഥശാലയാണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥശാല. തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കാട്ടാക്കട ചന്തയും പൂവച്ചല്‍ പഞ്ചായത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ടുതന്ന മികച്ച ഗതാഗത സൌകര്യങ്ങള്‍ ഇവിടെ പണ്ടു മുതലേയുണ്ട്. 1930-കളിലാണ് ആദ്യമായി സര്‍വ്വീസ് ബസുകള്‍ പൂവച്ചല്‍ പഞ്ചായത്തില്‍ ഓടിത്തുടങ്ങിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ധന ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കരി ഉപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വാഹനങ്ങള്‍ ഓടിച്ചിരുന്നു. വെള്ളനാട് വില്ലേജ് പഞ്ചായത്തില്‍ നിന്നും വേര്‍പെട്ട് 1953-ല്‍ പൂവച്ചല്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യ കാലത്തെ പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ്, മണ്ണൂര്‍കര വില്ലേജുകള്‍ പൂര്‍ണ്ണമായും, പെരുംകുളം വില്ലേജിന്‍റെ പൂഞ്ഞാംകോട്, കൊണ്ണിയൂര്‍ , കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ല്‍ കൊണ്ണിയൂര്‍ പൂര്‍ണ്ണമായും, നെടുമാന്നൂര്‍മുറി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡണ്ടായി ശ്രീ.എന്‍.മാധവന്‍ നായര്‍ അധികാരം ഏറ്റെടുക്കുകയുണ്ടായി. തിരുവളുന്തൂര്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, വീരണകാവ്, പുനയ്ക്കോട്, നാടുകാണി ശാസ്താ ക്ഷേത്രങ്ങള്‍ , പെരുംകുളത്തൂര്‍ , പന്നിയോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആനാകോട്, പുളിങ്കോട്, കൊണ്ണിയൂര്‍ ഭദ്രകാളി ക്ഷേത്രങ്ങള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. നൂറുകണക്കിന് മലയാള ചലച്ചിത്രങ്ങള്‍ക്കു ഗാനങ്ങളെഴുതിയ ഗാന രചയിതാവ് പൂവച്ചല്‍ ഖാദര്‍ ഈ പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്.